പുതിയ കവിതകൾ

മനസ്സിൽ ശേഷിച്ച വിശപ്പും സ്നേഹവും വിരഹവും ലോകത്തോടുള്ള ചോദ്യങ്ങളും.

വിശപ്പിന്റെ പേടി

എനിക്കിപ്പോഴും പേടിയാണ്, വയറുനിറച്ച് ഭക്ഷണം കഴിക്കാൻ. വിശക്കുന്നില്ലാഞ്ഞിട്ടല്ല. വിശപ്പിന്റെ അറ്റംവരെ ചെന്നൊരാൾക്ക് ഒരിക്കൽ വയറുനിറഞ്ഞാൽ പിന്നെയൊരു നേരം ഒന്നുമില്ലാതെ വരുമോയെന്ന പേടിയുണ്ട്. ഒരുകാലത്ത് ഉമ്മയുടെ അടുക്കളയിൽ എനിക്കുവേണ്ടി എപ്പോഴും ഒരു പാത്രമുണ്ടായിരുന്നു. ഞാൻ വൈകിയെത്തിയാലും എന്റെ വിശപ്പു വൈകില്ലെന്നറിയാവുന്ന ഒരേയൊരു മനുഷ്യത്തിയായിരുന്നു ഉമ്മ. ചോറു വിളമ്പുമ്പോൾ ഉമ്മ ചോദിക്കും, “ഇനിയും വേണോ?” വേണ്ടെന്നു പറഞ്ഞാലും ഒരു പിടി ചോറുകൂടി വിളമ്പും. അന്ന് എന്റെ വയറിനേക്കാൾ വലുതായിരുന്നു ഉമ്മയുടെ കൈ. പിന്നെ ഞാൻ കടലുകൾ കടന്നു. പോളണ്ടിലെത്തി. വിമാനമിറങ്ങുമ്പോൾ എന്റെ ബാഗിൽ കുറേ വസ്ത്രങ്ങളുണ്ടായിരുന്നു. കുറേ സ്വപ്നങ്ങളുണ്ടായിരുന്നു. കുറച്ചുദിവസങ്ങൾക്കുശേഷം രണ്ടുംകൊണ്ട് വയറുനിറയില്ലെന്ന് മനസ്സിലായി. അന്നുമുതൽ എന്റെ ഉള്ളിൽ ഒരു മനുഷ്യൻ എപ്പോഴും വിശന്നുകിടക്കുന്നു. അയാൾക്കു എന്റെ മുഖമാണ്. പോളണ്ടിലെ തെരുവുകളിൽ റൊട്ടിയുടെ മണമുണ്ട്. ബേക്കറിയുടെ മുന്നിലൂടെ നടക്കുമ്പോൾ ആ മണം എന്റെ പിന്നാലെ വരും. ഞാൻ നടക്കുന്നതിന്റെ വേഗം കൂട്ടും. വിശപ്പുള്ളവനെ റൊട്ടിയുടെ മണം എത്രദൂരം പിന്തുടരുമെന്ന് ആർക്കെങ്കിലും അറിയാമോ? ചില്ലുകൂട്ടിനുള്ളിൽ അടുക്കിവെച്ച റൊട്ടികൾ. ചൂടുള്ള അപ്പം. കാപ്പി കുടിക്കുന്ന മനുഷ്യർ. അവർക്കിടയിലൂടെ ഒന്നും വാങ്ങാതെ ഞാൻ നടന്നുപോയിട്ടുണ്ട്. റൊട്ടിയുടെ മണം എന്നെ വിട്ടുപോയില്ല. അത് എന്റെ മുറിവരെ വന്നു. ഉറങ്ങാൻ കിടന്നപ്പോൾ എന്റെ തലയിണയ്ക്കരികിൽ ഒരു ചൂടുള്ള അപ്പത്തിന്റെ മണം. ഞാൻ കരഞ്ഞു. ഉമ്മയെ ഓർത്തിട്ടാണോ, വിശന്നിട്ടാണോ, എനിക്കുതന്നെ അറിയില്ല. ഒഴിഞ്ഞവയറുമായി കിലോമീറ്ററുകളോളം ഞാൻ നടന്നിട്ടുണ്ട്. വഴിയിൽ ബസ്സ്റ്റോപ്പുകളുണ്ടായിരുന്നു. ബസുകളുണ്ടായിരുന്നു. വീട്ടിലേക്കു മടങ്ങുന്ന മനുഷ്യരുണ്ടായിരുന്നു. എന്റെ കാലുകൾക്കുമാത്രം മടങ്ങിയെത്താൻ ഒരു നിറഞ്ഞപാത്രമുണ്ടായിരുന്നില്ല. അന്ന് എന്റെ വയർ എന്നോടു സംസാരിക്കുമായിരുന്നു. ഞാൻ കേൾക്കാത്തതായി നടിക്കും. ഒരിടത്ത് വഴിയരികിൽ ഇരുന്നു. കാലുകൾ വേദനിച്ചിട്ടല്ല. വിശപ്പ് നെഞ്ചുവരെ കയറിയപ്പോൾ നിവർന്നുനിൽക്കാൻ അഭിമാനം മാത്രം മതിയാവില്ലെന്ന് മനസ്സിലായതുകൊണ്ട്. അന്ന് എന്റെ പേഴ്സിൽ ഒരുപാടു ശൂന്യതയുണ്ടായിരുന്നു. ഒരു ബൺ. വെറുമൊരു ബൺ! ഒരുകാലത്ത് ഞാൻ ശ്രദ്ധിക്കാതെ കടന്നുപോയിരുന്ന ആ ചെറിയ അപ്പം ഒരുദിവസം എന്റെ കൈകളിലിരുന്നു. ഞാനത് പതുക്കെ കഴിച്ചു. വേഗം കഴിച്ചാൽ പെട്ടെന്നു തീർന്നുപോകുമല്ലോ. ഓരോ കടിയിലും അത് അല്പനേരംകൂടി എന്റെ വായിലിരിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. അന്നാണ് ഒരു ബണ്ണിന് ഇത്രയും രുചിയുണ്ടെന്ന് ഞാനറിഞ്ഞത്. ഗോതമ്പിന്റെ രുചിയല്ല. പഞ്ചസാരയുടെ രുചിയല്ല. ജീവൻ അല്പനേരത്തേക്കുകൂടി നമ്മുടെ കൂടെയുണ്ടാകുമെന്ന ആശ്വാസത്തിന്റെ രുചി. അവസാനത്തെ കഷണം വിഴുങ്ങിയപ്പോൾ എനിക്ക് കരച്ചിൽ വന്നു. ആ ബൺ എന്റെ വിശപ്പു മാറ്റിയില്ല. പക്ഷേ, അന്നത്തെ രാത്രി എന്നെ മരിക്കാൻ വിട്ടില്ല. ഉമ്മാ, നീ വിളമ്പിയ ചോറിൽ ഞാൻ എത്ര തവണ കുറ്റം പറഞ്ഞിട്ടുണ്ടാകും! ഉപ്പു കുറഞ്ഞെന്ന്, മുളകു കൂടിയെന്ന്, ഇന്നും ഇതുതന്നെയാണോയെന്ന്! ഒരു വറ്റു ചോറിനുവേണ്ടി ഞാൻ ഇങ്ങനെ അന്യദേശത്ത് കൊതിച്ചുനിൽക്കുമെന്ന് നിനക്കറിയാമായിരുന്നോ? നീ മരിച്ചുപോയശേഷമാണ് എനിക്കു മനസ്സിലായത്, നിന്റെ മരണത്തോടെ എന്റെ ജീവിതത്തിൽനിന്ന് ഒരു മനുഷ്യത്തി മാത്രമല്ല പോയത്. ഞാൻ വിശന്നുവരുമ്പോൾ എനിക്കുവേണ്ടി അടുപ്പിൽ കാത്തിരുന്ന ഒരു ലോകംകൂടിയായിരുന്നു. ഇപ്പോൾ ആ ലോകത്തേക്കു മടങ്ങാൻ വിമാനങ്ങളില്ല. വഴികളില്ല. എന്റെ കൈയിൽ പണമുണ്ടായാലും വാങ്ങാൻ കഴിയാത്ത ഒരു പാത്രം ചോറുണ്ട്. അത് നീ വിളമ്പിയതാണ്. എന്റെ പെണ്ണേ, നീ ഉണ്ടാക്കിത്തന്ന ഭക്ഷണം ഞാൻ വയറുനിറയെ കഴിച്ചിരുന്ന ദിവസങ്ങൾ ഇപ്പോഴും ഓർക്കാറുണ്ട്. എനിക്ക് ഇഷ്ടമുള്ളതെന്തെന്ന് ഞാൻ പറയുന്നതിനുമുമ്പേ നിനക്കറിയാമായിരുന്നു. എന്റെ വയറു നിറഞ്ഞിട്ടും നീ വീണ്ടും വിളമ്പാൻ വരുമായിരുന്നു. ഇപ്പോൾ ഭക്ഷണം കഴിക്കുമ്പോൾ ഞാൻ ആരെയും രണ്ടാമതു വിളിക്കാൻ അനുവദിക്കാത്ത ഒരു മനുഷ്യനായി മാറിയിരിക്കുന്നു. നീ എന്റെ മുന്നിൽ വയറുനിറയെ ചോറുവിളമ്പിയാൽ ഇന്നും എനിക്കു സന്തോഷമാകും. പക്ഷേ, അത്മുഴുവൻ കഴിക്കാൻ എനിക്കു കഴിയുമോ എന്നറിയില്ല. മനസ്സു പറയും, കഴിക്കൂ. ശരീരം പറയും, മതി. വിശപ്പു പറയും, ഇനിയും വേണം. പേടി പറയും, നാളെയ്ക്കും ബാക്കിവയ്ക്കണം. നാലുപേരുടെ ഇടയിൽ ഒറ്റയ്ക്കായിപ്പോയ ഒരു മനുഷ്യനാണ് ഞാൻ. ഇന്നെനിക്ക് ഭക്ഷണം കിട്ടുന്ന ദിവസങ്ങളുണ്ട്. മുന്നിൽ നിറഞ്ഞപാത്രമുണ്ട്. എന്നിട്ടും ഞാൻ പതുക്കെ കഴിക്കുന്നു. അല്പം കഴിച്ചാൽ വയറു നിറഞ്ഞതുപോലെ തോന്നും. പാത്രത്തിൽ ബാക്കിയുള്ള ചോറിനെ നോക്കുമ്പോൾ എന്റെ കണ്ണുകൾ നിറയും. വിശപ്പു മാറിയിട്ടും ഭക്ഷണത്തിൽനിന്ന് കണ്ണെടുക്കാൻ കഴിയാത്ത ഒരു ദാരിദ്ര്യമുണ്ട്. അത് പേഴ്സിലല്ല. വയറിലുമല്ല. മനസ്സിന്റെ ഏറ്റവും ഉള്ളിലാണ്. ഇപ്പോൾ ആരെങ്കിലും എന്നോടു ചോദിച്ചാൽ, “വിശക്കുന്നുണ്ടോ?” ഞാൻ പറയും, “ഇല്ല.” കഴിക്കാനൊന്നും ഇല്ലാതിരുന്ന ആ പഴയ ദിവസങ്ങളിലും ഞാൻ അങ്ങനെതന്നെയാണ് പറഞ്ഞിരുന്നത്. വിശപ്പിനെ മറച്ചുവയ്ക്കാൻ പഠിച്ച മനുഷ്യന് അതിനെ തുറന്നുപറയാൻ പിന്നീട് ലജ്ജ തോന്നും. ചില രാത്രികളിൽ ഉറങ്ങുന്നതിനുമുമ്പ് ഞാൻ എന്റെ വയറ്റിൽ കൈ വയ്ക്കാറുണ്ട്. പണ്ടത്തെപ്പോലെ അത് ശബ്ദമുണ്ടാക്കുന്നില്ല. എങ്കിലും എനിക്കുറങ്ങാൻ കഴിയുന്നില്ല. നാളെ എന്തുണ്ടാകുമെന്നറിയില്ലല്ലോ. ഉമ്മാ, എനിക്കു ഇനിയൊരിക്കൽക്കൂടി നിന്റെ മുന്നിലിരുന്ന് വയറുനിറയെ ചോറുണ്ണണം. നീ ചോദിക്കണം, “ഇനിയും വേണോ?” ഞാൻ പറയണം, “മതി, ഉമ്മാ.” നീ കേൾക്കരുത്. ഒരു പിടി ചോറുകൂടി എന്റെ പാത്രത്തിലിടണം. ഞാൻ നിന്നോടു ദേഷ്യപ്പെടണം. നീ ചിരിക്കണം. ഒടുവിൽ എന്റെ വയറു നിറയണം. പക്ഷേ, ഉമ്മാ, ഇപ്പോൾ എന്റെ വയറു നിറഞ്ഞാലും എന്റെ ഉള്ളിലെ വിശന്ന മനുഷ്യൻ എഴുന്നേറ്റുപോകുന്നില്ല. അയാൾ എപ്പോഴും പാത്രത്തിന്റെ അരികിൽ കാത്തിരിക്കുന്നു. വീണ്ടും ഒന്നുമില്ലാത്ത ഒരു ദിവസം വരുമെന്ന് അയാൾക്കറിയാം. അയാളോട് പേടിക്കേണ്ടെന്നു പറയാൻ എനിക്കു കഴിയുന്നില്ല. കാരണം, എന്റെ വിശപ്പ് എന്നേ മാറിയതാണ്. പക്ഷേ, എന്റെ പട്ടിണി ഇപ്പോഴും എന്നെ വിട്ടുപോയിട്ടില്ല.

പൊട്ടിപ്പെണ്ണേ...

പൊട്ടിപ്പെണ്ണേ, നിനക്കെന്നെ ഇത്രമേൽ സ്നേഹിക്കാനെങ്ങനെ കഴിയുന്നു? എന്റെ ഉള്ളിലെ ഇരുട്ടുകളെല്ലാം നിനക്കറിയാം. എന്റെ തോൽവികളുടെ കണക്കുപുസ്തകം നീയെന്നേ വായിച്ചുതീർത്തതാണ്. എന്നിട്ടും ലോകം എന്നെ കൈവിട്ട രാത്രികളിൽ നീ എന്റെ കൈകളിൽ നിന്റെ വിരലുകൾ കോർത്തുവച്ചു. ഞാൻ വീണുപോകാതിരിക്കാൻ നീയെന്നെ മുറുകെപ്പിടിച്ചു. നിന്റെ കൈകൾക്കിത്ര ബലമുണ്ടെന്ന് അന്നാണു ഞാനറിഞ്ഞത്. പെണ്ണേ, നീയൊരു വിചിത്രമായ മനുഷ്യത്തിയാണ്. എനിക്കെന്നോടുതന്നെ വെറുപ്പുതോന്നിയ ദിവസങ്ങളിലും നീയെന്നെ സ്നേഹിച്ചു. ഞാൻ തോറ്റുപോയെന്നു പറഞ്ഞപ്പോൾ നീയെന്റെ നെഞ്ചിൽ തലചായ്ച്ചു. നിന്റെ ലോകം ഇപ്പോഴും എന്റെ നെഞ്ചിലാണെന്നപോലെ. ഞാനില്ലെങ്കിൽ നിന്റെ ആകാശം ഇടിഞ്ഞുവീഴുമെന്ന നിന്റെ പേടി കാണുമ്പോൾ എനിക്കു ഭയമാകുന്നു. എന്നെ ഇത്രമേൽ വിശ്വസിക്കരുത്, പെണ്ണേ. ഞാനൊരു സാധാരണ മനുഷ്യനാണ്. വീഴ്ചകളുണ്ട്. വഴിതെറ്റലുകളുണ്ട്. പറഞ്ഞുപോയ വാക്കുകളെച്ചൊല്ലി പശ്ചാത്തപിച്ച രാത്രികളുണ്ട്. എന്നിട്ടും നീയെന്നെ നോക്കുന്നത് ഈ ഭൂമിയിൽ എനിക്കു പകരം മറ്റൊരാളില്ലെന്നപോലെയാണ്. പൊട്ടിപ്പെണ്ണേ, നിന്റെ സ്നേഹത്തിനു മുന്നിൽ ഞാനെത്ര ചെറിയ മനുഷ്യനാണ്! നീ നിന്റെ സ്വപ്നങ്ങളുടെ നടുവിൽ എന്നെ പ്രതിഷ്ഠിച്ചു. നിന്റെ നാളെയുടെ പേരുപോലും എന്റെ പേരിനോടു ചേർത്തെഴുതി. നിനക്കു സന്തോഷം വേണമെന്നു ഞാൻ പറയുമ്പോഴൊക്കെയും നീയെന്നെ നോക്കി ചിരിക്കുന്നു. ഞാനാണത്രേ നിന്റെ സന്തോഷം! എന്തൊരു ഭയങ്കരമായ ഉത്തരമാണത്, പെണ്ണേ! ഒരു മനുഷ്യന്റെ മുഴുവൻ സന്തോഷത്തിനും മറ്റൊരു മനുഷ്യൻ ഉത്തരവാദിയാകുന്നതിനെക്കാൾ വലിയൊരു ഭാരമുണ്ടോ? എങ്കിലും ആ ഭാരം ചുമക്കാൻ എന്റെ ചുമലുകൾക്കു ബലം തരുന്നത് നിന്റെ സ്നേഹമാണ്. നീ കരയുമ്പോൾ എന്റെ ഉള്ളിൽ ആരോ മരിക്കുന്നതുപോലെ. നിന്റെ കണ്ണുനീർ എന്റെ പരാജയത്തിന്റെ ഏറ്റവും ക്രൂരമായ തെളിവാണ്. നിന്നെ ചിരിപ്പിക്കാൻ കഴിയാത്ത ഒരു ദിവസത്തെപ്പോലും എന്റെ ജീവിതത്തിലെ നല്ല ദിവസമെന്നു വിളിക്കാൻ എനിക്കു കഴിയില്ല. പെണ്ണേ, നീ എനിക്കുവേണ്ടി എത്രയെത്ര കാര്യങ്ങൾ വേണ്ടെന്നുവച്ചിട്ടുണ്ടാകും! എത്ര ആഗ്രഹങ്ങളെ ആരോടും പറയാതെ നിന്റെ ഉള്ളിൽത്തന്നെ കുഴിച്ചുമൂടിയിട്ടുണ്ടാകും! എന്നിട്ടും നീയൊരിക്കലും നഷ്ടങ്ങളുടെ കണക്കു പറഞ്ഞിട്ടില്ല. നിന്റെ സ്നേഹത്തിന് കണക്കെഴുതാനറിയില്ലല്ലോ. ഞാൻ നിനക്കു നൽകിയതിനെക്കാൾ എത്രയോ അധികം നീ എനിക്കു തന്നിരിക്കുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ കടക്കാരൻ ഞാനാണ്. കടം തന്നവൾ നീയും. പക്ഷേ, നീയൊരിക്കലും തിരിച്ചുചോദിക്കുന്നില്ല. പൊട്ടിപ്പെണ്ണേ, എന്നെ ഇത്രയധികം സ്നേഹിച്ചുകൊണ്ട് നീയെന്നെ തോൽപ്പിക്കുകയാണ്. ഞാൻ തോറ്റുപോകാതിരിക്കാൻ നീയെന്നെ പിടിച്ചുനിർത്തുന്നു. നിന്റെ സ്നേഹത്തിനു മുന്നിൽ ഞാൻ ഓരോ ദിവസവും തോറ്റുകൊണ്ടിരിക്കുന്നു. എന്തൊരു മനോഹരമായ തോൽവിയാണത്! ഒരുനാൾ എന്റെ കൈകൾക്കു ബലം കുറയുമ്പോൾ നീയെന്നെ പിടിച്ചുനടത്തുമെന്നറിയാം. എന്റെ കണ്ണുകൾക്കു വെളിച്ചം മങ്ങുമ്പോൾ നീയെന്റെ വഴിയാകുമെന്നും. എന്റെ ഓർമ്മകൾ എന്നെ വിട്ടുപോകുന്ന കാലത്തും നീയെന്നെ മറക്കില്ലെന്നറിയാം. പക്ഷേ, പെണ്ണേ, അന്നെനിക്കു നിന്റെ പേരു മറന്നുപോയാൽ നീയെന്നോടു പിണങ്ങരുത്. എന്റെ കൈയെടുത്ത് നിന്റെ നെഞ്ചിൽ വയ്ക്കണം. എന്നിട്ടു പറയണം— നീയൊരിക്കൽ ഈ ഹൃദയത്തിന്റെ മുഴുവൻ ലോകമായിരുന്നുവെന്ന്. അപ്പോൾ എന്റെ ഓർമ്മകൾ മടങ്ങിവന്നില്ലെങ്കിലും എന്റെ വിരലുകൾ നിന്നെ തിരിച്ചറിയും. കാരണം, ഈ ജീവിതത്തിൽ എത്രയോ കൈകൾ എന്നെ തൊട്ടുപോയിട്ടുണ്ട്. പക്ഷേ, ഞാൻ വീണുപോകാതിരിക്കാൻ എന്നെ മുറുകെപ്പിടിച്ച കൈകൾ നിന്റേതു മാത്രമായിരുന്നു.

മുറിവിന്റെ അവകാശി

നീ പോയ വഴിയിൽ ഞാനൊരു വിളക്കു കൊളുത്തിയിട്ടില്ല. തിരിച്ചുവരാത്തവർക്കു വേണ്ടി വെളിച്ചം കാത്തുവയ്ക്കുന്നത് ഇരുട്ടിനോടുള്ള അപമാനമാണെന്ന് ഞാൻ പഠിച്ചിരിക്കുന്നു. എങ്കിലും രാത്രി കനക്കുമ്പോൾ എന്റെ ഹൃദയത്തിന്റെ അടഞ്ഞ വാതിലിൽ ആരോ മുട്ടുന്നു. തുറക്കുമ്പോൾ ആരുമില്ല. നിന്റെ അഭാവം മാത്രം ഒരു പഴയ പരിചയക്കാരിയെപ്പോലെ അകത്തേക്കു കയറിവരുന്നു. നിന്നെ സ്നേഹിച്ചതിന് എനിക്കു കിട്ടിയ പ്രതിഫലം നിന്നെ മറക്കാൻ കഴിയാത്ത ഈ ഓർമ്മശക്തിയാണ്. മറ്റെല്ലാം മറന്നുപോയിരിക്കുന്നു. എന്റെ പഴയ വീടിന്റെ നിറം, ഉമ്മ വിളിച്ചിരുന്ന ചില വാക്കുകൾ, കുട്ടിക്കാലത്തെ മഴയുടെ മണം, എന്റെതന്നെ മുഖത്തിന്റെ പഴയ ഛായ. പക്ഷേ, നീയൊരിക്കൽ ചിരിച്ചപ്പോൾ നിന്റെ കണ്ണിന്റെ കോണിൽ വെളിച്ചം വീണതെങ്ങനെയെന്ന് ഇന്നും എനിക്കോർമ്മയുണ്ട്. എന്തൊരു ക്രൂരതയാണ് ഓർമ്മയ്ക്ക്! ജീവിക്കാൻ വേണ്ടതെല്ലാം അത് എടുത്തുകൊണ്ടുപോകുന്നു. ജീവിക്കാൻ അനുവദിക്കാത്തതിനെ മാത്രം അത് തിരികെ തരുന്നു. നിന്നെ ഞാൻ ശപിച്ചിട്ടില്ല. ശപിക്കാൻ ശ്രമിച്ച രാത്രികളിൽ എന്റെ നാവിൽ നിന്റെ പേരിനു പകരം പ്രാർത്ഥനകളാണ് വന്നത്. നിനക്കു സുഖമാണോ? ഈ ചോദ്യം ആരോടും ചോദിക്കാനാവാതെ എത്രയോ വർഷങ്ങളായി ഞാൻ എന്നോടുതന്നെ ചോദിക്കുന്നു. നീ മറ്റൊരാളുടെ വീട്ടിൽ സന്ധ്യയ്ക്കു വിളക്കു കൊളുത്തുമ്പോൾ, ഇവിടെ എന്റെ മുറിയിൽ ഇരുട്ടിന് നിന്റെ മുഖമാണ്. നിന്റെ മക്കൾ നിന്നെ അമ്മയെന്നു വിളിക്കുമ്പോൾ ഒരിക്കൽപ്പോലും പിറക്കാതെപോയ എന്റെ സ്വപ്നങ്ങൾ ആ വിളി കേൾക്കുന്നുണ്ടാവുമോ? അറിയില്ല. അറിയേണ്ടതുമില്ല. നിന്നെക്കുറിച്ചുള്ള അറിവുകൾക്കൊക്കെയും ഇപ്പോൾ എനിക്കു ഭയമാണ്. ഒരുപക്ഷേ, നീ എന്നെ മറന്നിരിക്കാം. അതിൽ എനിക്കു പരിഭവമില്ല. ഒരാളെ മറക്കാൻ കഴിയുന്നത് എത്ര വലിയ ഭാഗ്യമാണെന്ന് നിന്നെ ഓർത്തിരിക്കുന്ന എനിക്കല്ലാതെ മറ്റാർക്കറിയാം! ഇന്നലെ ഒരു പൂവ് കണ്ടു. നിനക്കിഷ്ടമുള്ള നിറം. പറിച്ചില്ല. പറിച്ചെടുത്തതൊന്നും എന്റെ ജീവിതത്തിൽ അധികനാൾ നിന്നിട്ടില്ല. അവിടെത്തന്നെ വിടുകയായിരുന്നു. നിന്നെയും അങ്ങനെയാണല്ലോ ഞാൻ സ്നേഹിച്ചത്. എനിക്കു കിട്ടാതെപോയതുകൊണ്ട് നീ എന്റേതല്ലാതായില്ല. എന്റേതായിരുന്നില്ല എന്നതുകൊണ്ട് എന്റെ സ്നേഹം അസത്യവുമായില്ല. ഇനിയൊരിക്കൽ നാം കണ്ടുമുട്ടിയാൽ എന്നെ തിരിച്ചറിയാൻ ശ്രമിക്കരുത്. നീ അറിയുന്ന മനുഷ്യൻ പണ്ടേ മരിച്ചുപോയി. ഇപ്പോൾ നടക്കുന്നത് അയാളുടെ ഓർമ്മകളാണ്. അവയ്ക്കു നിന്നെ കാണുമ്പോൾ കരയാൻപോലും കഴിയില്ല. കാരണം, കരഞ്ഞുതീർക്കാവുന്ന ദുഃഖമായിരുന്നെങ്കിൽ എന്നേ ഞാൻ നിന്നെ മറന്നേനെ. നീ എന്റെ ദുഃഖമല്ല. ദുഃഖം തീർന്നിട്ടും എന്നിൽ ശേഷിക്കുന്ന എന്തോ ഒന്നാണ്. അതിനു പ്രണയമെന്നു പേരിടാൻ ഇപ്പോൾ എനിക്കു മടിയാണ്. പ്രണയിക്കുന്നവർക്ക് പ്രതീക്ഷയുണ്ടാകും. എനിക്കു നീയുണ്ടായിരുന്നുവെന്ന ഒരു ഓർമ്മ മാത്രം. അതും നീ തന്നതല്ല. നീ പോയശേഷം ഞാൻ എന്നിൽനിന്നു കണ്ടെടുത്തതാണ്.

നീയില്ലാത്ത കാലത്തിന്റെ സംഗീതം

നീ നടന്നുപോയ വഴികളിലിന്നുമെൻ നിഴലുകൾ നിന്നെ തിരഞ്ഞുനിൽക്കുന്നു. നീയറിയാതൊരു സ്നേഹത്തിൻ ശേഷിപ്പായ് നെഞ്ചിലൊരായിരം പൂക്കൾ കൊഴിയുന്നു. പറയാതെ പോയൊരു വാക്കിന്റെ നോവുമായ് പാതിരാക്കാറ്റിനു കാതോർത്തിരിക്കുന്നു. അറിയാതെ നീയെന്റെ ജീവിതവീണയിൽ തൊട്ടുപോയ സ്വരങ്ങൾ മായാതിരിക്കുന്നു. ഒരുനാളുമെൻ മുന്നിൽ വന്നില്ലയെങ്കിലും ഒരായിരം ജന്മം നീ കൂടെയുണ്ടായിരുന്നു. ഒരു നോക്കുകൊണ്ടെന്റെ ലോകം നിറച്ചവൾ, ഒരിക്കൽപ്പോലുമെന്നെ അറിഞ്ഞതില്ലായിരുന്നു. മഴ നനഞ്ഞെത്തുന്ന സന്ധ്യകൾ തോറുമെൻ മനസ്സിന്റെ മുറ്റത്തു നീ വിരുന്നെത്തുന്നു. നനയാതെ കാത്തൊരു സ്വപ്നത്തിൻ ചില്ലയിൽ നിന്റെ പേരുള്ള പൂക്കൾ വിടരുന്നു. കാലം കടന്നുപോയ്, ഋതുക്കൾ മറഞ്ഞുപോയ്, കാത്തിരുന്നെൻ മുടിയിഴകൾ നരച്ചുപോയ്. എങ്കിലുമെൻ ഹൃദയത്തിൻ ആഴങ്ങളിൽ എന്നുമുണരുന്ന പ്രഭാതമാണു നീ. നിന്നെ മറക്കുവാൻ ഞാനൊരുങ്ങുമ്പോഴും നിന്നോർമ്മയെന്നെ വിളിച്ചുണർത്തുന്നു. മറവിക്കു നൽകുവാൻ ഒന്നുമില്ലെന്നപോൽ മനസ്സെന്റെ ഓർമ്മകൾ കാത്തുവയ്ക്കുന്നു. നീയെന്റെ സ്വന്തമായ് തീർന്നില്ലയെങ്കിലും നിന്നെ ഞാൻ സ്വന്തമായ് സ്നേഹിച്ചുപോയി. നീയെന്റെ ജീവിതം പങ്കിട്ടതില്ലെങ്കിലും നിന്നിലൂടെയാണു ഞാൻ ജീവിച്ചുപോയി. ഇനിയൊരു ജന്മമുണ്ടെന്നു വരികിലും ഇതേ വിരഹത്തിൻ വഴികൾ വരികിലും, നിന്നെക്കുറിച്ചൊരു സ്വപ്നം കാണാനായ് നൂറുജന്മങ്ങൾ തനിച്ചുനടന്നീടാം. ഒടുവിലെ ശ്വാസവും യാത്രയാകുമ്പോൾ ഒരുനുള്ളു മണ്ണായ് ഞാൻ മാഞ്ഞുപോകുമ്പോൾ, ആരുമറിയാതെ നെഞ്ചിൽ സൂക്ഷിച്ചൊരെൻ ആദ്യത്തെ സ്നേഹം നീയായിരിക്കട്ടെ. നിന്നെ ലഭിക്കാത്ത ജീവിതമാണെങ്കിലും നിന്നെ സ്നേഹിച്ചതു നഷ്ടമല്ലോമനേ; നീയില്ലായ്മയിൽ ഞാൻ തേങ്ങുമ്പോഴും നീയുണ്ടെന്നോർമ്മയാണെന്റെ ജീവിതം.

ഗാസ — മണ്ണിനടിയിലെ നിലവിളി

ഗാസയിൽ ഇന്നും പുലരിയുണ്ട്, പക്ഷേ, സൂര്യനുദിക്കും മുമ്പേ അവിടെ ചില വീടുകൾ മണ്ണിനടിയിലേക്കിറങ്ങിപ്പോകുന്നു. ഇന്നലെവരെ ഉമ്മയുടെ മടിയിൽ കിടന്നുറങ്ങിയ കുഞ്ഞ്, ഇന്ന് ഉമ്മയെ തിരയുന്നത് ഇടിഞ്ഞുവീണ ചുവരുകൾക്കിടയിലാണ്. അവന്റെ കൈയിൽ പൊട്ടിപ്പോയൊരു കളിപ്പാട്ടമുണ്ട്. അതിന്റെ മറുകൈ പിടിക്കാൻ ഇനിയാരുമില്ല. അവൻ കരയുന്നില്ല. കരഞ്ഞുകരഞ്ഞ് കണ്ണുനീർ തീർന്നുപോയതുകൊണ്ടാവാം. അല്ലെങ്കിൽ, കരയാൻ പോലും കഴിയാത്തവിധം ഭയം അവന്റെ തൊണ്ടയിൽ കുരുങ്ങിക്കിടക്കുന്നതാവാം. ഒരിടത്ത് ഒരു ഉമ്മ അപ്പം ചുടുകയായിരുന്നു. മക്കൾ ഉണരുമ്പോൾ വിശക്കാതിരിക്കാനായിരുന്നു. അടുപ്പിലെ തീ അണഞ്ഞു. വീടിന്റെ മേൽക്കൂര തകർന്നു. പാത്രത്തിൽ പാതിവെന്ത അപ്പം അങ്ങനെതന്നെ കിടന്നു. ആ അപ്പത്തിനുവേണ്ടി കാത്തിരുന്ന കുഞ്ഞുങ്ങൾ ഇനിയൊരിക്കലും വിശക്കില്ല. ഗാസയിലെ ഒരു പിതാവ് തന്റെ കുഞ്ഞിന്റെ ചെരുപ്പ് നെഞ്ചോടുചേർത്തുപിടിച്ചിരിക്കുന്നു. ചെരുപ്പ് ചെറുതാണ്. അതിൽ ഇപ്പോഴും കുഞ്ഞിന്റെ കാലിന്റെ ചൂടുണ്ടെന്ന് അയാൾ വിശ്വസിക്കുന്നു. അയാൾക്കറിയാം, ആ കുഞ്ഞ് ഇനി വരില്ലെന്ന്. എങ്കിലും വീടിന്റെ വാതിൽക്കലേക്ക് ഇടയ്ക്കിടെ നോക്കുന്നു. മരിച്ചുപോയ മക്കളെ കാത്തിരിക്കുന്ന അച്ഛന്മാരുടെ നാടുകൂടിയാണ് ഗാസ. ലോകമേ, നിന്റെ മക്കൾക്ക് നീ താരാട്ടുപാടുമ്പോൾ, ഗാസയിലെ കുഞ്ഞുങ്ങൾ സ്ഫോടനങ്ങളുടെ ശബ്ദം കേട്ടാണ് ഉറക്കമുണരുന്നത്. നിന്റെ മക്കൾ പുതിയ കളിപ്പാട്ടങ്ങൾക്കായി വാശിപിടിക്കുമ്പോൾ, അവിടെയൊരു കുഞ്ഞ് ഒരു കഷണം അപ്പത്തിനായി കൈ നീട്ടുന്നു. നിന്റെ മക്കൾ നാളത്തെ സ്വപ്നങ്ങൾ വരയ്ക്കുമ്പോൾ, ഗാസയിലെ കുഞ്ഞുങ്ങൾക്ക് നാളെയെന്നൊരു ദിവസം ഉണ്ടാകുമോ എന്നുപോലും അറിയില്ല. എന്നിട്ടും നീ നിശ്ശബ്ദനാണ്. അല്ലാഹുവേ, അവിടെ കബറുകൾക്ക് പോലും സ്ഥലം തികയുന്നില്ല. മരിച്ചവരെ ഓർത്തുകരയാൻ ജീവിച്ചിരിക്കുന്നവർക്ക് സമയവും തികയുന്നില്ല. ഒരു മയ്യിത്തിന്റെ അരികിൽനിന്ന് മടങ്ങുംമുമ്പേ മറ്റൊരു മയ്യിത്ത് അവരെ കാത്തിരിക്കുന്നു. ഇനിയും എത്ര ഉമ്മമാർ മക്കളുടെ പേരുവിളിച്ച് തൊണ്ട പൊട്ടിക്കണം? ഇനിയും എത്ര കുഞ്ഞുങ്ങൾ ഉമ്മയുടെ മണം തേടി മണ്ണ് മാന്തണം? ഇനിയും എത്ര പിതാക്കന്മാർ സ്വന്തം കൈകളാൽ സ്വപ്നങ്ങളെ കബറടക്കണം? ഗാസേ, നിന്റെ മണ്ണിൽ ചോരയുടെ മണമുണ്ട്. പക്ഷേ, അതിനടിയിൽ ഇപ്പോഴും ജീവന്റെ ഒരു വിത്ത് ബാക്കിയുണ്ട്. ഒരു കുഞ്ഞ് വീണ്ടും ചിരിക്കണം. ഒരു ഉമ്മ വീണ്ടും അപ്പം ചുടണം. ഒരു പിതാവ് വീടിന്റെ വാതിൽ തുറക്കുമ്പോൾ ഓടിവരുന്ന മക്കളെ കാണണം. ആകാശത്ത് വിമാനങ്ങളുടെ ഇരമ്പലല്ല, പക്ഷികളുടെ ചിറകടിയാണ് കേൾക്കേണ്ടത്. ഗാസേ, നിന്റെ കുഞ്ഞുങ്ങൾക്ക് വീരമൃത്യുവിന്റെ കഥകളല്ല വേണ്ടത്. ജീവിച്ചുതീർക്കാൻ ഒരു ബാല്യമാണ് വേണ്ടത്. നിന്റെ ഉമ്മമാർക്ക് സ്വർഗത്തെക്കുറിച്ചുള്ള ആശ്വാസവാക്കുകൾ മാത്രമല്ല വേണ്ടത്. ഈ ഭൂമിയിൽത്തന്നെ മക്കളെ നെഞ്ചോടുചേർത്തുപിടിച്ച് ഒരു രാത്രിയെങ്കിലും ഭയമില്ലാതെ ഉറങ്ങണം. അതുമാത്രമാണ് വേണ്ടത്. അതുമാത്രം.

ഗാസയിലെ ഒരു പെൺകുട്ടി ലോകത്തോട് പറയുന്നത്

ലോകമേ, ഞാനൊരു കൊച്ചുപെൺകുട്ടിയാണ്. ഗാസയിലെ ഇടിഞ്ഞുവീണ ഒരു വീടിന്റെ മകൾ. എന്റെ പേര് ചോദിക്കരുത്. എന്റെ പേരിൽ വിളിക്കാൻ ഇവിടെ ആരും ബാക്കിയില്ല. എന്റെ വയസ്സും ചോദിക്കരുത്. പിറന്നാളുകൾ എണ്ണിത്തീർക്കും മുമ്പേ ഞാൻ എണ്ണാൻ പഠിച്ചത് മരിച്ചുപോയവരെയാണ്. ലോകമേ, നിനക്കറിയുമോ? എനിക്കും ഒരു വീടുണ്ടായിരുന്നു. ഒരു ഉമ്മയുണ്ടായിരുന്നു. എന്നെ തോളിലേറ്റി നടന്നിരുന്ന ഒരു ഉപ്പയുണ്ടായിരുന്നു. രാത്രിയിൽ പേടിച്ചുണരുമ്പോൾ ഉമ്മയുടെ നെഞ്ചിൽ മുഖം ചേർത്തുവെക്കുമായിരുന്നു ഞാൻ. ഇന്നലെ രാത്രിയും ഞാൻ പേടിച്ചുണർന്നു. ഉമ്മയെ വിളിച്ചു. ഉപ്പയെ വിളിച്ചു. ആരും വന്നില്ല. ഞാൻ കിടന്നിരുന്ന കട്ടിലിനുമുകളിൽ ഇപ്പോൾ ആകാശമാണ്. എന്റെ ഉമ്മ കിടന്നിരുന്നിടത്ത് ഒരു വലിയ കല്ലും. ലോകമേ, നിന്റെ മക്കൾക്ക് വിശക്കുമ്പോൾ നീ എന്താണ് കൊടുക്കാറുള്ളത്? എനിക്ക് വിശക്കുന്നുണ്ട്. മൂന്നു ദിവസമായി ഉമ്മയുണ്ടാക്കിത്തന്ന അപ്പത്തിന്റെ മണം പോലും ഞാൻ അറിഞ്ഞിട്ടില്ല. ഇന്നലെ ഒരു കഷണം അപ്പം കിട്ടി. ഞാനത് മുഴുവൻ കഴിച്ചില്ല. പാതി മാറ്റിവെച്ചു. എന്റെ കുഞ്ഞനിയൻ തിരിച്ചുവന്നാൽ കൊടുക്കാൻ. അവൻ മരിച്ചുപോയെന്ന് എല്ലാവരും പറയുന്നു. പക്ഷേ, മരിച്ചുപോയവർക്ക് വിശക്കില്ലെന്ന് എന്നെ ആരും പഠിപ്പിച്ചിട്ടില്ലല്ലോ! ലോകമേ, നിന്റെ മക്കൾ സ്കൂളിൽ പോകുന്നുണ്ടോ? എന്റെ പുസ്തകങ്ങൾ ഇപ്പോഴും അവിടെയുണ്ട്. ഇടിഞ്ഞുവീണ ഞങ്ങളുടെ സ്കൂളിനടിയിൽ. എന്റെ ടീച്ചർ ഒരിക്കൽ പറഞ്ഞിരുന്നു, “വലുതാകുമ്പോൾ നീ എന്താകണം?” ഞാൻ പറഞ്ഞു, “ഡോക്ടറാകണം.” ഇപ്പോൾ എനിക്ക് ഡോക്ടറാകേണ്ട. ഒരു ഡോക്ടറെ കണ്ടാൽ മാത്രം മതി. എന്റെ ഉമ്മയെ ഒന്നുകൂടി ഉണർത്തിത്തരാൻ. ലോകമേ, നിനക്കൊരു കാര്യം അറിയാമോ? എനിക്ക് ഇരുട്ടിനെ പേടിയായിരുന്നു. ഉമ്മ വിളക്കണയ്ക്കുമ്പോൾ ഞാൻ കരയുമായിരുന്നു. ഇപ്പോൾ ഇരുട്ടിനെ പേടിയില്ല. വെളിച്ചത്തെയാണ് പേടി. പകൽ വരുമ്പോഴാണ് വിമാനങ്ങൾ വരുന്നത്. വിമാനങ്ങൾ വരുമ്പോൾ വീടുകൾ വീഴുന്നു. വീടുകൾ വീഴുമ്പോൾ ഉമ്മമാർ മരിക്കുന്നു. ഉമ്മമാർ മരിക്കുമ്പോൾ ഞങ്ങളെപ്പോലുള്ള കുഞ്ഞുങ്ങൾ ഒറ്റയ്ക്കാകുന്നു. അതുകൊണ്ട് എനിക്ക് പുലരേണ്ട. എന്റെ ഉമ്മയില്ലാത്ത മറ്റൊരു പകൽ എനിക്ക് കാണേണ്ട. ലോകമേ, നിന്റെ മക്കൾ കരയുമ്പോൾ നീ അവരെ ആശ്വസിപ്പിക്കാറില്ലേ? ഞാൻ കരയുന്നത് നീ കാണുന്നില്ലേ? എന്റെ ശബ്ദം നിന്റെ വീട്ടിലെത്തുന്നില്ലേ? എന്റെ കുഞ്ഞുകൈകൾ നിന്റെ മുന്നിലേക്ക് നീട്ടുന്നത് കാണുന്നില്ലേ? എന്റെ ചോരയുടെ നിറം നിന്റെ മക്കളുടെ ചോരയുടെ നിറത്തിൽനിന്ന് വ്യത്യസ്തമാണോ? എന്റെ ഉമ്മയുടെ കണ്ണുനീരിന് നിന്റെ ഉമ്മയുടെ കണ്ണുനീരിനേക്കാൾ വില കുറവാണോ? പറയൂ, ലോകമേ! ഞാൻ ഗാസയിൽ ജനിച്ചതാണോ ഞാൻ ചെയ്ത തെറ്റ്? ഇന്നലെ എന്റെ അടുത്തിരുന്ന ഒരു കൊച്ചുപെൺകുട്ടി മരിച്ചു. അവൾക്ക് എന്നെക്കാൾ പ്രായം കുറവായിരുന്നു. അവളുടെ കൈയിൽ ഒരു പാവയുണ്ടായിരുന്നു. മരിക്കുന്നതിനു മുമ്പ് അവൾ എന്നോട് ചോദിച്ചു, “നമ്മൾ ഇനി എവിടെയാണ് കളിക്കുക?” ഞാൻ മറുപടി പറഞ്ഞില്ല. കാരണം, കളിക്കാൻ ഒരു മുറ്റം പോലും ഇവിടെ ബാക്കിയില്ലായിരുന്നു. ഇന്ന് അവളുടെ പാവ എന്റെ കൈയിലുണ്ട്. അവൾ എവിടെയാണെന്ന് എനിക്കറിയില്ല. പക്ഷേ, അവൾ തിരിച്ചുവന്നാൽ കൊടുക്കാൻ വേണ്ടി ഞാനത് സൂക്ഷിച്ചുവെച്ചിട്ടുണ്ട്. ലോകമേ, നീ വലിയവനല്ലേ? നിനക്ക് വലിയ വീടുകളുണ്ട്. വലിയ കൊട്ടാരങ്ങളുണ്ട്. വലിയ സൈന്യങ്ങളുണ്ട്. വലിയ നിയമങ്ങളുണ്ട്. എന്നിട്ടും എന്നെപ്പോലൊരു കൊച്ചുപെൺകുട്ടിയെ രക്ഷിക്കാൻ നിനക്കാവുന്നില്ലേ? ഞാൻ നിന്നോട് ഒരു രാജ്യം ചോദിക്കുന്നില്ല. ഒരു കൊട്ടാരം ചോദിക്കുന്നില്ല. സ്വർണവും വെള്ളിയും കളിപ്പാട്ടങ്ങളും ചോദിക്കുന്നില്ല. എനിക്ക് എന്റെ ഉമ്മയെ വേണം. എന്റെ ഉപ്പയെ വേണം. എന്റെ കുഞ്ഞനിയനെ വേണം. അവർ തിരിച്ചുവരില്ലെങ്കിൽ, എന്നെപ്പോലെ മറ്റൊരു കുഞ്ഞും ഇങ്ങനെ കാത്തിരിക്കാതിരിക്കട്ടെ. ലോകമേ, നാളെ നിന്റെ മക്കൾ നിന്നോട് ചോദിച്ചേക്കാം, “ഗാസയിലെ കുഞ്ഞുങ്ങൾ കരഞ്ഞപ്പോൾ നിങ്ങൾ എന്തു ചെയ്യുകയായിരുന്നു?” അന്ന് എന്റെ ചിത്രം കാണിച്ച് അവരോട് പറയരുത്, “ഞങ്ങൾക്കവളോട് വലിയ സങ്കടമുണ്ടായിരുന്നു” എന്ന്. സങ്കടംകൊണ്ട് എന്റെ വിശപ്പ് മാറിയില്ല. കണ്ണുനീർകൊണ്ട് എന്റെ ഉമ്മ ഉണർന്നില്ല. പ്രാർത്ഥനകൾക്കൊപ്പം എന്നെ രക്ഷിക്കാൻ നീ കൈ നീട്ടിയിരുന്നെങ്കിൽ, ഒരുപക്ഷേ ഇന്നും ഞാൻ എന്റെ ഉമ്മയുടെ മടിയിൽ ഉറങ്ങുന്നുണ്ടാകുമായിരുന്നു. ലോകമേ, ഇനി ഞാൻ പോകട്ടെ. എന്റെ ഉമ്മയെ ഒന്നുകൂടി വിളിച്ചുനോക്കണം. ഇടിഞ്ഞുവീണ ഞങ്ങളുടെ വീടിനരികിൽ ഇന്നും ഞാൻ പോകാറുണ്ട്. ചിലപ്പോൾ ഉമ്മ എന്റെ വിളി കേൾക്കുന്നുണ്ടാകും. ചിലപ്പോൾ ആ കല്ലുകൾക്കടിയിൽനിന്ന് എന്നെ വിളിക്കുന്നുണ്ടാകും. എനിക്ക് കേൾക്കാൻ കഴിയാത്തതാവും. ലോകമേ, നീ എന്റെ ശബ്ദം കേൾക്കുന്നുണ്ടെങ്കിൽ എനിക്കൊരു വാക്ക് തരാമോ? നാളെ പുലരുമ്പോൾ എന്നെപ്പോലൊരു കുഞ്ഞെങ്കിലും ഉമ്മയുടെ നെഞ്ചിൽ മുഖം ചേർത്തുറങ്ങുമെന്ന്. ഒരു ഉപ്പയെങ്കിലും തന്റെ മകളെ ജീവനോടെ വീട്ടിലേക്ക് കൊണ്ടുപോകുമെന്ന്. ഒരു കുഞ്ഞെങ്കിലും വിശന്നുവിശന്ന് മരിക്കില്ലെന്ന്. എനിക്ക് വാക്ക് തരാമോ, ലോകമേ? ഞാൻ കാത്തിരിക്കാം. എന്റെ ഉമ്മയെ കാത്തിരിക്കുന്നതുപോലെ.