ഒരിക്കൽ നാം നടന്ന പാതയോരങ്ങൾ
ഒരു രാവു പുലരുമ്പോഴേക്കും അപ്രത്യക്ഷമാവുകയും,
നമുക്ക് തണലായിരുന്ന ആ ഒറ്റമരം
ഒരു കാറ്റിൽ വിവസ്ത്രമായി നിൽക്കുകയും ചെയ്യും.
ഇരുട്ടിൽ നമ്മെ നയിച്ചിരുന്ന ആ അഗ്നിനാളം
പെട്ടെന്ന് അണഞ്ഞുപോകും.
വാതോരാതെ മൊഴിഞ്ഞിരുന്ന നമ്മുടെ സ്വപ്നങ്ങൾ
വെറും നിദ്രയുടെ തിരുശേഷിപ്പുകൾ മാത്രമായി അവശേഷിക്കും.
ചിലപ്പോൾ അസ്വസ്ഥമാവുകയും, ചിരിക്കയും, കണ്ണുനനക്കുകയും ചെയ്തിരുന്ന
നമ്മുടെ ആത്മാവ് ഇനി മൗനമായി ഇരിക്കാൻ ഇഷ്ടപ്പെടും.
നാണത്തിന്റെ ചുവപ്പിൽ മുങ്ങിയ നിന്റെ മുഖം
തീർത്തും നാട്യങ്ങൾക്കു വഴിമാറിക്കൊടുക്കും.
നമ്മളായിരുന്ന നാം
പതിയെ ഞാനും നീയുമായി മാറാൻ തുടങ്ങും…
ഒടുവിൽ ഏകാന്തതയിലേക്ക് എന്നെ എറിഞ്ഞുകൊണ്ട്
‘ഞാൻ’ എന്ന സത്യം മാത്രമാവും.