പഠിക്കണം ജീവിതം എന്താണെന്ന്
അലയണം ഒരു നാടോടിയെ പോലെ
പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോകണം
പരിഹസിക്കുന്നവരോട് പുഞ്ചിരിക്കണം
സങ്കടം വരുമ്പോൾ കരയണം
മഴയെ കാത്തിരിക്കണം
മതിയാവോളം നനയണം
എല്ലാവരിൽ നിന്നും അകന്ന്
തനിച്ചിരിക്കണം
ഓർമ്മകളും നോവുകളും കുമിഞ്ഞുകൂടുമ്പോൾ
എഴുത്തിൽ അവയെ അടക്കം ചെയ്യണം
സഹതാപിക്കുന്നവരെ
ആട്ടിയോടിക്കണം
വാശി കാണിക്കണം
വായനയിലും
ഉറക്കം കെടുത്തുന്ന സ്വപ്നങ്ങളോടും
പാതിവഴിയിൽ ആയുസ്സൊടുങ്ങിയ വാഗ്ദാനങ്ങളെ
ഉള്ളിൽ അണയാത്ത കനലുകളായി നീറ്റണം
ഒടുവിൽ
മനസാക്ഷി മരിക്കാത്തവനായി
മണ്ണിൽ ലയിക്കണം
അപ്പോഴും അവർ പറയുമായിരിക്കും
“ജീവിക്കാൻ അറിയാത്തവൻ — ഒരു മുഴു ഭ്രാന്തൻ”
ചതിച്ചു ജയിക്കുന്നതിനേക്കാൾ നല്ലത്
തോറ്റുകൊടുക്കുന്നതാണ്
വിജയത്തിന് ലഭിക്കുന്നത് അംഗീകാരം മാത്രം
പക്ഷേ പരാജയം പഠിപ്പിക്കുന്നത്
ആർക്കും പഠിപ്പിക്കാൻ കഴിയാത്ത അത്ര കാര്യങ്ങൾ
അതുകൊണ്ട്
തോൽവിയെ ഭയക്കരുത്
തോൽവിയെ ഭയക്കരുത്
മുഹമ്മദ് ഷാഫിയുടെ മലയാള കവിതാസമാഹാരത്തിൽനിന്ന്.