സദാ നിന്റെ വാക്കുകൾ എന്നിൽ അസ്വസ്ഥത ഉണ്ടാക്കുന്നു
ഇന്നലത്തെ രാത്രിയിൽ എന്റെ മനസ്സ് വല്ലാതെ കലുഷിതമായിരുന്നു
എനിക്ക് ഒരിക്കലും ഒരു വാക്കിൽ നിന്നെ അവസാനിപ്പിക്കാൻ കഴിയില്ല
ഞാൻ ഞാൻ തന്നെയാണ്; നീ നീയല്ലാതിരുന്നിട്ടും ഞാൻ നിന്നോട് പരിഭവം കാണിച്ചില്ല
നിന്റെ ചട്ടക്കൂടിൽ നിന്ന് നിന്നെ വലിച്ചിഴയ്ക്കാൻ ശ്രമിച്ചതുമില്ല
എന്റെ സങ്കടങ്ങൾക്കിടയിലും രാവന്തിയോളം ഞാൻ നിന്നോട് ചേർന്നിരിക്കുന്നു
മരണത്തിനും ജീവിതത്തിനും ഇടയിലായിട്ടും ഞാൻ നിനക്ക് എന്നിൽ തീർത്തും അഭയം നൽകുന്നു
എനിക്ക് നീ ഒരു ഔദാര്യമോ
സ്വപ്നസാക്ഷാൽക്കാരമോ അല്ല
ഒരിക്കൽ നീ എന്നെ സ്നേഹിച്ചിരുന്നെന്ന തിരിച്ചറിവാണ് എന്റെ പച്ച മാംസത്തിൽ നീറ്റൽ ഉളവാക്കുന്നത്
എനിക്ക് നിന്നോട് എല്ലാം ഉണ്ട്
കാമവും പ്രണയവും വാത്സല്യവും
നിന്റെ വിയർപ്പിലും നിന്റെ ചൂടിലും ഒതുങ്ങി കൂടുവാൻ ഞാനും കൊതിച്ചിരുന്നു
നീ വല്ലാതെ മാറിപ്പോയിരിക്കുന്നു
നിന്റെ പ്രകാശ പൂരിതമായ കണ്ണുകൾ പോലും നിനക്ക് എന്നിൽ മറച്ചു വെക്കേണ്ട ഒരു അപരിചിതൻ മാത്രമായിരിക്കുന്നു ഇന്ന് ഞാൻ
കാലം ഇനിയും ഉരുളും
നിന്നെ തേടി ഇനിയും വസന്തവും ശിശിരവും ഹേമന്തവും വരും
നീ ഇലകൾ പൊഴിച്ചു തനിച്ചു നിന്നിരുന്ന
ആ വേനൽക്കാലത്ത് ഞാൻ മാത്രമായിരുന്നു നിനക്ക് തണൽ
ഇന്ന് ഞാൻ തീർത്തും കുസൃതിയായ ഒരു കുട്ടിയുടെ കയ്യിലെ കളിപ്പാട്ടം പോലെ ആയിരിക്കുന്നു
ചിലപ്പോൾ നീ എന്നെ അലക്ഷ്യമായി എവിടെയോ മറന്നു വെക്കും
മറ്റു ചിലപ്പോൾ ഏതോ ഇരുട്ടുമുറിയുടെ ഒരു കോണിൽ എന്നെ വലിച്ചെറിയും
പിന്നെപ്പോഴോ നിനക്ക് ഓർമ്മ വരുമ്പോൾ
നീ എന്നെ ചേർത്ത് പിടിക്കും
നിന്റെ മാറോടു ചേർത്ത് എന്നെ അടക്കി പിടിക്കും
പക്ഷേ ഒന്നുണ്ട്
നിനക്ക് കിട്ടാവുന്നതിൽ വച്ച് ഏറ്റവും വിലകുറഞ്ഞ കളിപ്പാട്ടം ഞാൻ മാത്രമാണ്
മഹാവൃക്ഷത്തിന്റെ ഓരോ ഇലയും പൊഴിഞ്ഞു തുടങ്ങുമ്പോൾ
അവസാനത്തെ ഒരു പഴുത്ത ഇല മണ്ണിൽ അടർന്നു വീഴുമ്പോൾ
എന്നെ തനിച്ചാക്കി കടന്നുപോയ നിഴലില്ലാത്ത വഴിയോരത്ത് എനിക്ക് ചെന്നു നിൽക്കണം
മറവിയില്ലാത്ത ഞാൻ
മുഹമ്മദ് ഷാഫിയുടെ മലയാള കവിതാസമാഹാരത്തിൽനിന്ന്.