ഒരിക്കൽ നാം തീർത്തും ഒരേ സ്വപ്നമായിരുന്നു.
എന്റെ ചിന്താശകലങ്ങളുടെ തുടക്കവും ഒടുക്കവും നീ മാത്രമായിരുന്നു.
പ്രഭാതം മുതൽ പ്രദോഷം വരെയും
ഞാൻ നിന്റെ കരവലയത്തിൽ
സുരക്ഷിതനായിരുന്നു.
വരണ്ടുണങ്ങിയ എന്റെ ഹൃദയം മുഴുവൻ
നിന്റെ അഗാധമായ സ്നേഹത്തിൽ സമൃദ്ധമാക്കി.
ദാഹം കൊണ്ട് ഞാൻ വലഞ്ഞപ്പോൾ
നിന്റെ ചുടുവിയർപ്പുകൊണ്ട് ദാഹം മാറ്റി.
പിന്നെ നിന്നോടുള്ള പ്രണയത്തിൽ ഞാൻ അന്ധനായപ്പോൾ
എന്റെ കണ്ണുകുഴികളിൽ മുഖമമർത്തി ചുംബിച്ച്
എന്നെ ശാന്തനാക്കി.
ഒടുവിൽ നീ വരണ്ടുണങ്ങിയപ്പോൾ
നിന്റെ അസ്തിത്വത്തെ ചോദ്യം ചെയ്ത് കടന്നു പോയി.
ഇന്നിപ്പോൾ കാലചക്രത്തിൽ പെട്ട്
നിന്റെ മുന്നിൽ ഒരു അപരിചിതനെ പോലെ വന്നു നിൽക്കുന്നു.
നിന്റെ കണ്ണുകളിലെ തിളക്കം ഒരിക്കലും അസ്തമിക്കരുതെന്ന് ആശിച്ചിരുന്ന ഞാൻ
ഇപ്പോൾ നിന്റെ കൺപീലിയിൽ കുതിർന്ന ഉപ്പ് രുചിക്കുന്നു.
എന്നിലെ ഏറ്റവും പ്രിയപ്പെട്ടവളേ,
ഞാൻ ഒരു മഹാസമുദ്രത്തിലെ മത്സ്യമായിരുന്നു,
നീയാവട്ടെ ആകാശവീഥികളിൽ പറന്നുനടക്കുന്ന ഒരു പക്ഷിയും.
നീ ആകാശവീഥികളിൽ പറന്നുനടന്ന നാൾ മുതൽ
ഞാൻ നിന്നെ പ്രണയിച്ചിരുന്നു.
നിന്റെ ഓരോ മന്ദഹാസത്തിനും
ഞാൻ ജലോപരിതലത്തിലേക്ക് ഉയർന്ന്
നിന്റെ നിഴലിനെ ചുംബിക്കുകയും
വാരിപ്പുണരുകയും ചെയ്തിരുന്നു.
സത്യം—
നിന്നിൽ എന്റെ ദൃഷ്ടി പതിയുകയും
നീ എന്നെ അറിയുകയും ചെയ്ത നിമിഷം
എന്റെയും നിന്റെയും നിയോഗം നാം മറന്നിരുന്നു.