ഈ പാതിരാവിൽ ഞാൻ എന്റെ പ്രിയ പുസ്തകം മൃദുവായി അടച്ചു വെക്കുന്നു.

നിനക്കായി ഇനി എന്റെ വറ്റിവരണ്ട ചിന്തകളിൽ നിന്ന് ഒരു അക്ഷരവും പിറക്കാതെ ആയേക്കാം.

നിന്റെ മിഴികളിൽ ഇനി എന്റെ നിഴൽ വീഴാതെ ആയേക്കാം.

നിന്റെ കവിളുകളിൽ എന്റെ ചുണ്ടുകൾക്ക് ഇനി അഭയം ലഭിക്കാതെ ആയേക്കാം.

നിന്റെ കുസൃതികൾക്ക് ഇനി എന്റെ മൗനം കൂടെ നിൽക്കാതെ ആയേക്കാം.

നിന്റെ ചിന്താശകലങ്ങളിൽ ഇനി എന്റെ മങ്ങിയ ഓർമ്മകൾ തങ്ങി നിൽക്കാതെ ആയേക്കാം.

ഒരിക്കൽ പരിചിതനായ ഞാൻ ഇനി നിനക്ക് ഒരു അപരിചിതനായി മാറിയേക്കാം.

എങ്കിലും, പ്രിയപ്പെട്ടവളേ,

എന്റെ ഉള്ളിൽ ഒന്നും അസ്വസ്ഥമാവുന്നില്ല.

എനിക്ക് നീ ഒരിക്കലും അവസാനിക്കുന്നില്ലല്ലോ.